ഒരു കോളേജിന്‍ സായാഹ്ന വീഥിയില്‍
പരീക്ഷകള്‍ പരീക്ഷണങ്ങളനവധി-
യിതൊന്നു ജയിച്ചു കിട്ടാന്‍ നേര്‍ച്ചകള്‍
നേര്‍ന്നിടാതൊരു നേരമില്ലൊട്ടു നേരവും,
ആശയഭിലാഷങ്ങള്‍ നിറഞ്ഞുനിന്നീടു-
മെന്‍ ഹൃദയം പൂത്തുലഞ്ഞു നില്‍പൂ
സുന്ദരമീ കോളേജിന്‍ പടിപ്പുരയില്‍.
ഇലക്ട്രോണിക്സ് എന്‍ സ്വപ്നസാഫല്യ-
മെന്നോതുമെന്‍ ഹൃദയം തുടിച്ചിടാതെ-
യെന്നെ കൊണ്ടെത്തിച്ചൊന്നാങ്കൊല്ലം
മെക്കാനിക്കല്‍ തന്‍ വര്‍ക്ക്ഷോപ്പില്‍.
കൃത്യതയൊന്നില്ലാത്തൊരെന്‍ ജീവിതത്തില്‍
മുഴക്കോല്‍ തന്‍ കൃത്യതയെന്നെ ഭ്രാന്തനാക്കി
നീട്ടിയും കുറുക്കിയും സൃഷ്ടിച്ചെന്‍ സൃഷ്ടിയെ
അധ്യാപകര്‍ തന്‍ ഭാവശുദ്ധി വീണ്ടു-
മതെത്തിച്ചെന്‍ കരങ്ങളില്‍ തന്നെ.
അക്ഷികള്‍ രണ്ടുണ്ടെന്നാകിലും
തൃക്കണ്‍ പാര്‍ക്കണമെന്നുടെ ഗ്രാഫിക്സ് ക്ളാസ്സില്‍
എന്നിട്ടും രക്ഷയൊന്നുമില്ലെന്നാകില്‍
തൃക്കണ്‍ ഭഗവാന്‍ രക്ഷിപ്പതിനേ നേരമൊള്ളു.
പേടിച്ചു പേടിച്ചു ചെന്നെത്തു-
മാ ഗണിതത്തിന്‍ പടിവാതുക്കല്‍
പേടിക്കരുതെന്നുരുവിട്ടെന്നെ നോക്കി പേടിപ്പിച്ചിടാന്‍
നില്‍പ്പൂ ഗണിതത്തിന്‍ ശാസ്ത്രജ്ഞയും.
പ്രതീക്ഷകളിന്‍ ഭാരമേന്തി ഞാനെത്തി-
യെന്‍ സ്വപ്നമാം ഇലക്ട്രോണിക്സ് ലാബുകളില്‍
കുലുക്കിയാല്‍ കുലുങ്ങുന്ന വോള്‍ട്ടുമീറ്ററും
കുലുക്കിയാലും കുലുങ്ങാത്തൊരമ്മീറ്ററും,
സിഗ്നല്‍ കൊടുക്കാതെ തന്നെ
കൂകി പായുമെന്‍ സി.ആര്‍.ഓ-യും
തട്ടിയാലും മുട്ടിയാലും എടുത്തിട്ടാലും
സിഗ്നല്‍ തരാത്തൊരെന്‍ സിഗ്നല്‍ ജെനറേറ്ററും.




